‘കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ല’; ബിഷപ്പ് പാംപ്ലാനിയുടെ ബിജെപി അനുകൂല പരാമര്‍ശത്തില്‍ മന്ത്രി എം.ബി രാജേഷ്

തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബിജെപിയെ അനുകൂലിച്ചുകൊണ്ടുള്ള പരാമര്‍ശത്തില്‍ പ്രതികരിച്ച് മന്ത്രി എം.ബി രാജേഷ് രംഗത്ത്.

‘ആര്‍.എസ്.എസും ബിജെപിയുമൊക്കെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി നടിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ക്രൈസ്തവര്‍ക്ക് നന്നായറിയാം. പുള്ളിപ്പുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ല. അത് ജനങ്ങള്‍ക്ക് മനസിലാകും. ആര്‍ എസ് എസിന്റെ വിചാരധാരയില്‍ മുസ്ലീങ്ങളും ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകളും ആണ് ശത്രുക്കളെന്ന് കൃത്യമായി എഴുതി വച്ചിട്ടുണ്ടെന്ന്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയത് കേന്ദ്രത്തിന്റെ മോശം നയത്തിനെതിരായ പ്രതികരണമാണെന്ന് ജോസ് കെ. മാണി എം.പി വ്യക്തമാക്കിയിരുന്നു. ‘റബ്ബര്‍ വിലയിടിവിന് കാരണം കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര നയങ്ങള്‍ തിരുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കര്‍ഷക വിരുദ്ധ കേന്ദ്ര നയങ്ങള്‍ ചര്‍ച്ചയാകുമെന്നും സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയ്ക്കും കേരള കോണ്‍ഗ്രസിനും കര്‍ഷകരെ സഹായിക്കണമെന്നാണ് അഭിപ്രായം’- അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് സഭയുടെ നിലപാടല്ലെന്ന് കെ സി ബി സി നേരത്തെ വിശദീകരിച്ചു.