കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ. സുധാകരന്‍: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ പി സി സി പ്രസിഡന്റ് കെ. സുധാകരനെന്ന വിമര്‍ശനവുമായി മന്ത്രി വി. ശിവന്‍കുട്ടി.

മന്ത്രിയുടെ വാക്കുകള്‍

‘കോണ്‍ഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസില്‍ നിന്ന് സുധാകരന്റെ പരാമര്‍ശങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ. വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമര്‍ശങ്ങളെ കാണാനാകൂ. രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരന്‍ കടന്നുവന്ന വഴിയും നിരീക്ഷിച്ചാല്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകും. രാഷ്ട്രീയമായി നേരിടാന്‍ കഴിയാതാകുമ്പോള്‍ വ്യക്തിഹത്യ നടത്തുക, കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുക, മോശം പദപ്രയോഗം നടത്തുക തുടങ്ങിയ നടപടികള്‍ ആണ് സമീപകാലത്ത് കോണ്‍ഗ്രസ് നടപ്പാക്കുന്ന രാഷ്ട്രീയം. അത്തരം അധമ രാഷ്ട്രീയത്തെ ജനം തള്ളിക്കളയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ രാഷ്ട്രീയ യാഥാര്‍ഥ്യം മനസിലാക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ സുധാകരന് പഠിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് ഇനിയും ഇല്ലാതാകുകയേ ഉള്ളൂ. തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ദേശീയ നേതൃത്വത്തിനും സുധാകരന്റെ നിലപാട് തന്നെ ആണോ ഉള്ളത് എന്നറിയാന്‍ താല്പര്യം ഉണ്ട്. കോണ്‍ഗ്രസിലെ പുതുതലമുറ നേതാക്കളും സുധാകരന്റെ പാത പിന്തുടരുന്നത് ആ പാര്‍ട്ടിയുടെ ധാര്‍മിക ക്ഷയത്തെ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ ജനം മര്യാദ പഠിപ്പിക്കും.’