വി ഡി സതീശൻ വ്യക്തിപരമായി ആക്രമിക്കുകയാണ്; പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല എൽഡിഎഫ് മന്ത്രിമാരെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭരണ വിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനു പകരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് രാഷ്ട്രീയമായി മറുപടിയില്ലെങ്കിൽ വ്യക്തിപരമായി ആരോപണം ഉന്നയിക്കുമെന്ന് മന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല എൽഡിഎഫ് മന്ത്രിമാർ. പ്രതിപക്ഷ നേതാവിന്റെ താളത്തിനൊത്ത് തുള്ളുന്നവരുമല്ല. പ്രതിപക്ഷ നേതാവിനെ പ്രീതിപ്പെടുത്തി മന്ത്രിപ്പണി എടുക്കാം എന്ന നിലവാരത്തിലേക്ക് മന്ത്രിമാർ താഴ്ന്നിട്ടില്ല. എല്ലാം താനാണ് എന്ന ഭാവമാണ് പ്രതിപക്ഷനേതാവിനെന്നും അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷ നേതാവിന്റെ താൻ പ്രമാണിത്തം സ്വന്തം പാർട്ടിപോലും അംഗീകരിക്കുന്നില്ല. 25 വർഷം എംഎൽഎ ആകുന്നതല്ല ഏറ്റവും വലിയ അംഗീകാരം. എത്രയോ ആളുകൾ സ്ഥാനമാനങ്ങളില്ലാതെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 21 കോൺഗ്രസ് എംഎൽഎമാരിൽ നാലുപേർ മാത്രമാണ് 2021 ൽ പ്രതിപക്ഷ നേതാവ് ആരാകണമെന്ന് കേന്ദ്ര നേതൃത്വം ചോദിച്ചപ്പോൾ വി ഡി സതീശനെ പിന്തുണച്ചത്. മറ്റുള്ളവർ രമേശ് ചെന്നിത്തലയുടെ പേരാണ് പറഞ്ഞത്. എന്നിട്ടും വി ഡി സതീശൻ പ്രതിപക്ഷ നേതാവായി. ആ ഭാഗ്യം കിട്ടിയതിന്റെ ഭാഗമായാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. ആർഎസ്എസുമായി പ്രതിപക്ഷ നേതാവിന് അന്തർധാരയുണ്ടെന്നും മാധ്യമങ്ങളിൽ വാർത്ത വരുത്താനുള്ള സമരങ്ങൾ മാത്രമാണ് പ്രതിപക്ഷം നടത്തുന്നതെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.