പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പിൻവലിച്ചു

ന്യൂഡൽഹി: പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് ക്വാറി ഉടമകൾ. ഹർജി കോടതി തള്ളുമെന്ന സാഹചര്യത്തിലാണ് ക്വാറി ഉടമകൾ ഹർജി പിൻവലിക്കാൻ തീരുമാനിച്ചത്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിൽ കാർഷിക ഗാർഹിക ആവശ്യത്തിന് മാത്രമേ പട്ടയ ഭൂമി ഉപയോഗിക്കാനാകൂവെന്ന് സുപ്രീം കോടതി അറിയിച്ചു.

നിലവിലെ ചട്ടത്തിൽ ഭേദഗതി വരുത്തുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. യഥാർത്ഥ വസ്തുതകൾ കണക്കിലെടുത്ത് 1964-ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിലവിലെ ചട്ടങ്ങൾ പ്രകാരം കഴിയില്ലെന്നും സർക്കാർ കോടതിയിൽ വിശദമാക്കിയിരുന്നു.

സീനിയർ അഭിഭാഷകരായ കെ.വി. വിശ്വനാഥൻ, വി. ഗിരി അഭിഭാഷകരായ ഇ. എം. എസ് അനാം, എം. കെ. എസ് മേനോൻ, മുഹമ്മദ് സാദിഖ്, ഉഷ നന്ദിനി എന്നിവരാണ് ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരായത്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ സി. കെ. ശശി, അബ്ദുള്ള നസീഹ് എന്നിവരും സുപ്രീം കോടതിയിൽ ഹാജരായിരുന്നു.