ന്യൂഡല്‍ഹി: ഇന്ത്യയിലെ മിസൈല്‍, റഡാര്‍ അപ്ഗ്രഡേഷന്‍ കരാര്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ‘അദാനിയുടെ കമ്പനിക്കൊപ്പം വിദേശ കമ്പനിയായ എലേറക്കും കരാറില്‍ പങ്കാളിത്തം നല്‍കിയിരിക്കുകയാണ്. പ്രവര്‍ത്തനത്തില്‍ നിഗൂഢതകള്‍ നിറഞ്ഞ എലേറ കമ്പനിയെ ആരാണ് നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കണം. ഇത്തരം കമ്പനികള്‍ക്ക് കരാര്‍ നല്‍കിയത് വഴി ദേശീയ സുരക്ഷയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തിരിക്കുകയാണ്’- രാഹുല്‍ ആരോപിച്ചു.
അതേസമയം, ലോക്‌സഭയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലി ബഹളം തുടര്‍ന്നതോടെ ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിവരെ ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതിനാല്‍ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും നാളത്തേക്ക് പിരിഞ്ഞു.
അതിനിടെ, വിദേശപര്യടനത്തില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ബഹളം വച്ച പ്രതിപക്ഷം അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു.

