കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ പ്രതികരണവുമായി ജസ്റ്റിസ് കെമാൽ പാഷ. ബ്രഹ്മപുരത്തേത് ക്രിമിനൽ കുറ്റമാണെന്നും കൊലപാതക ശ്രമത്തിന് 307-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആളുകളെ ശ്വാസം മുട്ടിച്ച് കൊല്ലാനാണോ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പ്ലാസ്റ്റിക് കത്തിയാൽ അണയ്ക്കാൻ അത്ര എളുപ്പമല്ല. 10 ദിവസമായി ആളുകൾ പുക കാരണം വലയുകയാണ്. ഇത് മൂലം എത്ര പേർക്കാകും ശ്വാസകോശ സംബന്ധമായ അസുഖം പിടിപെടുകയെന്നും അദ്ദേഹം ചോദിക്കുന്നു.
കഷ്ടപ്പെടുന്നത് മുഴുവൻ സാധാരണക്കാരാണ്. മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇത് പരിഹരിക്കാൻ സമയമില്ല. അന്വേഷിക്കേണ്ടവർ തന്നെയാണ് കുറ്റം ചെയ്തിരിക്കുന്നത്. ഇടത് നേതാവിന്റെ മരുമകന് നേരെയും ആരോപണം ഉയരുന്നുണ്ട്. അവർക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണം. ഒരു സ്ഥലത്തല്ല തീ പിടിച്ചത്. കമ്പനിയുടെ ആളുകൾ തന്നെയാണ് തീയിട്ടതെന്ന് ആളുകൾക്ക് നന്നായി അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ബ്രഹ്മപുരം വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിട്ടുണ്ട്. രണ്ടാം തീയതി ഉണ്ടായിരുന്ന അതെ പ്ലാൻ തന്നെയാണ് ഇപ്പോഴും ഉള്ളത്. ഇതുമൂലം വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ബ്രഹ്മപുരത്ത് തീ ഇട്ടത് വലിയ ക്രിമിനൽ കുറ്റമാണ്. വ്യക്തമായ പ്ലാൻ ഇല്ലാത്തതാണ് ഇത്രയും വലിയ പ്രശ്‌നം ഉണ്ടാക്കിയതെന്ന് സർക്കാർ മനസിലാക്കണം. ശ്വാസംമുട്ട് പോലെയുള്ള വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് ഇത് വഴി തെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

