ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണത്തിന്റെ തോത് ഉയർന്ന അപൂർവ സന്ദർഭങ്ങളിൽ, ചില ആളുകൾക്ക്, ചുമ, ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചിൽ തുടങ്ങിയവ അനുഭവപ്പെടാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഹൃദ്രോഗങ്ങളോ ഉള്ള ആളുകൾ, കുട്ടികൾ, പ്രായം കൂടിയിവർ, ഗർഭിണികൾ എന്നിവർക്ക് വായു മലിനീകരണം മൂലം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതലാണ്.
ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
സംസ്ഥാന/ജില്ല ഭരണകൂടമോ, തദ്ദേശ സ്വയംഭരണ വകുപ്പോ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ അനുസരിച്ച് പ്രവർത്തിക്കുക, അന്തരീക്ഷ മലിനികരണത്തിന്റെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. Central Pollution Control Board ൻറെ ചുവടെ കൊടുത്തിരിക്കുന്ന ഇന്റർനെറ്റ് അഡ്രസ്സിൽ തത്സമയ വായു മലിനീകരണ തോത് അറിയുവാൻ കഴിയും; https://airquality.cpcb.gov.in/AQI_India/
Air Quality Index(AQI) മുഖേന ആണ് വായു മാലിനീകരണത്തിന്റെ അളവ് മനസിലാക്കുക. കഠിനമായ അന്തരീക്ഷ മലിനീകരണം ഉള്ള ദിവസങ്ങളിൽ (AQI>200) താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. AQI200 ഇൽ താഴെ ഉള്ള ഘട്ടങ്ങളിലും ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ ആരോഗ്യത്തെ മുൻനിർത്തി പാലിക്കുന്നത് ഉചിതമായിരിക്കും.
അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുക.
കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തുറന്നിടുന്നത് ഒഴിവാക്കുക.
ജോഗിംഗ്, നടത്തം, അല്ലെങ്കിൽ വീടിനു പുറത്തുള്ള മറ്റ് ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുക.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക.
പുറത്തിറങ്ങേണ്ടി വന്നാൽ N95 മാസ്‌ക് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
വായു മലിനീകരണത്തിന്റെ അളവ് കൂടുതൽ മോശമാകാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വീടിനുള്ളിൽ വിറക് അടുപ്പ് കത്തിക്കുകയോ, പുക വലിക്കുകയോ മറ്റും ചെയ്യാതിരിക്കുക.
കെട്ടിടങ്ങളിലെയും വാഹനങ്ങളിലെയും എയർ കണ്ടീഷണറുകളിൽ വെളിയിലെ മലിനമായ വായുവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ‘റീ സർക്കുലേറ്റ്’ മോഡ് ഉപയോഗിക്കുക.
വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ വർദ്ധിപ്പിക്കുന്ന സിഗരറ്റ്, ബീഡി, മറ്റ് അനുബന്ധ പുകയില ഉൽപ്പന്നങ്ങൾ വലിക്കുന്നത് നിർത്തുക.
ധാരാളം പഴങ്ങൾ കഴിക്കുക, വെള്ളം കുടിക്കുക.
ആഹാര സാധനങ്ങൾ മൂടി വെച്ച് സൂക്ഷിക്കുകയും കൈയ്യും വായും മുഖവും നല്ലവണ്ണം കഴുകി ഭക്ഷണം കഴിക്കുകയും ചെയ്യുക.
ശ്വാസ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ നിത്യേന കഴിക്കുന്ന മരുന്നുകൾ മുടങ്ങാതെ കഴിക്കുക.
ഇൻഹേലർ, ഗുളികകൾ എല്ലാം പെട്ടെന്ന് എടുക്കാവുന്ന അകലത്തിൽ സൂക്ഷിക്കുക.
ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ കഴിയുന്നത്രയും വെളിയിൽ ഇറങ്ങുന്നത് ഒഴിവാക്കുക.
ശ്വാസതടസ്സം, ചുമ, നെഞ്ചിലെ അസ്വസ്ഥത / വേദന, തലകറക്കം, തലവേദന, മുതലായവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുക.

