കൊല്ലം: കേരളാകോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ള അന്തരിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. വാളകത്തെ തറവാട്ടില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക.1935 മാര്‍ച്ച് എട്ടിനാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍പിള്ളയുടേയും കാര്‍ത്ത്യായനിയമ്മയുടേയും മകനായി ബാലകൃഷ്ണപിള്ള ജനിച്ചത്. തിരുവനന്തപുരത്തെ എം.ജി. കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി കോണ്‍ഗ്രസിലൂടെ സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. പിന്നീട് 1964-ല്‍ കേരളാ കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ സ്ഥാപകനേതാക്കളില്‍ ഒരാളായി.കെ. എം ജോര്‍ജ്ജിന്റെ മരണശേഷം കെ.എം മാണിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് കേരളാകോണ്‍ഗ്രസ് ബി രൂപീകരിച്ചത്. പിന്നീട് എല്‍ഡിഎഫിനൊപ്പവും യുഡിഎഫിനൊപ്പവും പ്രവര്‍ത്തിച്ചു. നിലവില്‍ എല്‍ഡിഎഫിനൊപ്പമാണ് കേരളാകോണ്‍ഗ്രസ് ബി. 197ല്‍ അച്യൂതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് ബാലകൃഷ്ണപിള്ള ഗതാഗതം, എക്‌സൈസ്, ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേല്‍ക്കുന്നത്. 980-82, 82-85,86-87 വര്‍ഷങ്ങളില്‍ വൈദ്യുതി വകുപ്പുമന്ത്രിയായും 1991-95, 2001-04 കാലയളവില്‍ ഗതാഗത വകുപ്പുമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971-ല്‍ മാവേലിക്കരയില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1960,1965,1977,1980,1982,1987,1991,2001 വര്‍ഷങ്ങളില്‍ കേരള നിയമസഭാംഗമായിരുന്നു. 2006-ലാണ് പിള്ള അവസാനമായി നിയമസഭാ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നത്.വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ 85-ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യമന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.
ആര്‍ വത്സലയാണ് ബാലകൃഷ്ണപിള്ളയുടെ ഭാര്യ. സിനിമാനടനും പത്തനാപുരം എം.എല്‍.എയുമായ ഗണേഷ് കുമാര്‍, ഉഷ, ബിന്ദു എന്നിവരാണ് മക്കള്‍.
2021-05-03

