ചൈനീസ് റോക്കറ്റ് ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്

നിയന്ത്രണം നഷ്ടമായ 21000 കിലോഗ്രാം ഭാരമുള്ള ചൈനീസ് റോക്കറ്റ് ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വ്യാഴാഴ്ച ചൈന വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് വീഴുന്നത്. ചൈന നിര്‍മിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ഈ റോക്കറ്റ് പറന്നുയര്‍ന്നത്. സ്വര്‍ഗത്തിലെ ഒത്തൊരുമ എന്നര്‍ഥം വരുന്ന ടിയാന്‍ഹെ എന്നാണ് ആദ്യഘട്ടത്തിന് ഇട്ട പേര്. സ്വര്‍ഗത്തിലെ കൊട്ടാരം അഥവാ ടിയാങ്കോങ് എന്നാണ് ചൈന തങ്ങളുടെ ബഹിരാകാശ നിലയത്തിനിട്ടിരിക്കുന്ന പേര്. ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിങ് തുടങ്ങിയ വന്‍ നഗരങ്ങള്‍ വരെ റോക്കറ്റ് വീഴാനിടയുള്ള പ്രദേശങ്ങളിലുണ്ട്. സെക്കന്റില്‍ 6.40 കിലോമീറ്റര്‍ വേഗത്തില്‍ പതിക്കുന്ന 100 അടി നീളവും 16 അടി വീതിയുമുള്ള കൂറ്റന്‍ റോക്കറ്റിന്റെ വലിയ ഭാഗം ഭൂമിയിലെത്തും മുൻപെ കത്തി തീരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

വടക്ക് പരമാവധി ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിങ് തുടങ്ങിയ വന്‍ നഗരങ്ങള്‍ വരെയും തെക്ക് ന്യൂസീലൻഡ്, ചിലെ എന്നിവിടങ്ങള്‍ വരെയും ഈ റോക്കറ്റ് വീണേക്കാമെന്നാണ് ജൊനാഥന്‍ മക്‌ഡോവല്‍ പറയുന്നത്. ചൈനീസ് റോക്കറ്റിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന വാനനിരീക്ഷകനായ ജൊനാഥന്‍ മക്‌ഡോവലാണ് മുന്നറിയിപ്പ് നല്‍കിയത്. നിലവിലെ റോക്കറ്റിന്റെ സഞ്ചാര പാതവെച്ച് ഭൂമിയില്‍ ഇത് പതിക്കാനിടയുള്ള പ്രദേശങ്ങളും അദ്ദേഹം കണക്കുകൂട്ടി പറയുന്നുണ്ട്.ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വന്‍ നഗരങ്ങളും ജനവാസം കുറഞ്ഞ മേഖലകളും സമുദ്രങ്ങളുമെല്ലാം ഈ മുന്നറിയിപ്പ് ലഭിച്ച പ്രദേശത്തിന്റെ പരിധിയിലുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.23നാണ് ചൈന ലോങ് മാര്‍ച് 5ബി റോക്കറ്റ് വിക്ഷേപിക്കുന്നത്. അതേസമയം സ്വന്തമായി ബഹിരാകാശ നിലയമെന്നത് ചൈനയെ സംബന്ധിച്ച് സ്വപ്‌നസാക്ഷാത്കാരമാണ്. എന്നാല്‍ ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ വിക്ഷേപിച്ച ആദ്യ റോക്കറ്റ് തന്നെ ജനവാസ മേഖലയില്‍ വീണാല്‍ അത് വലിയ നാണക്കേടാവുകയും ചെയ്യും. നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ എവിടെ പതിക്കുമെന്ന ആകാംഷയിലാണ് ലോകം.