തിരുവനന്തപുരം: ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയില്‍ നിന്ന് ഇരട്ട എന്‍ജിനും 6 സീറ്റുമുള്ള ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 80 ലക്ഷത്തിലധികമാണ് മാസവാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. ഈ മാസം ഒന്നാം തീയതി ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ അനുമതി നല്‍കിയത്. പഴയ ടെന്‍ഡര്‍ പരിശോധിച്ച ശേഷം ഡല്‍ഹിയിലെ കമ്പനിയെ തിരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, 2020 ഏപ്രിലിലാണ് ഡല്‍ഹി പവന്‍ഹംസ് കമ്പനിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ ഡിജിപി നല്കിയ ശുപാര്‍ശ കോവിഡ് ബാധയെത്തുടര്‍ന്ന് മുന്നോട്ടു പോയില്ല. പിന്നീട് 2021 ഒക്ടോബറില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. 6 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്റര്‍ 3 വര്‍ഷത്തേയ്ക്ക് വാടകയ്ക്കെടുക്കാനാണ് തീരുമാനിച്ചത്. ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്മെന്റ് അഡി.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയെയും രൂപീകരിച്ചു. എന്നാല്‍, ടെന്‍ഡര്‍ നടപടികള്‍ മുന്നോട്ടു പോയില്ല.
എന്നാല്‍, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ പവന്‍ഹംസ് കമ്പനിയുടെ 10 സീറ്റുള്ള ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത് നേരത്തെ രാഷ്ട്രീയ വിവാദമായിരുന്നു. ഹെലികോപ്റ്റര്‍ വാടക, സംരക്ഷണം എന്നിവയ്ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 22.21 കോടി രൂപയാണ്. പാര്‍ക്കിങ് ഫീസ് ഇനത്തില്‍ 56.72 ലക്ഷം ചെലവഴിച്ചു.

