കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റ് കരാറുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി സിപിഎം നേതാവ് വൈക്കം വിശ്വൻ. മരുമകന് കരാർ കിട്ടാൻ സഹായിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങളുടെ സാഹചര്യത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മരുമകന് കരാർ കിട്ടിയ കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. അങ്ങനെയൊരു പരിപാടി അവർക്കവിടെ ഉണ്ടെന്നതിനെക്കുറിച്ച് അറിഞ്ഞത് അവർ പ്രവർത്തനം തുടങ്ങിയതിന് ശേഷമാണ്. അക്കാര്യങ്ങളിൽ വേറെന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
താൻ കുടുംബാംഗങ്ങൾക്ക് വേണ്ടി ഒരു ഇടപെടലും നടത്തിയിട്ടില്ല. ഇതിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷണം നടത്താം. മുഖ്യമന്ത്രിയും ഞാനും വല്യ സൗഹൃദത്തിലാണെന്ന് ഫേസ്ബുക്കിലൊക്കെ വന്നു. മുഖ്യമന്ത്രിയും ഞാനും സൗഹൃദത്തിൽ വരാതിരിക്കാൻ വേറെ ഒരു കാരണവുമില്ല. തങ്ങൾ വിദ്യാർത്ഥികളായിരുന്നപ്പോൾ മുതൽ ചുമതലകൾ ഏറ്റെടുത്തുവരികയാണ്. അതുകഴിഞ്ഞ് പാർട്ടി നിലവാരത്തിൽ തങ്ങൾ പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി മുൻ മേയർ ടോണി ചമ്മിണി തന്നെ വെല്ലുവിളിക്കുകയാണെന്നുും ഇതിനെതിരെ നിയമനടപടി ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയേക്കാൾ മുൻപ് പാർട്ടിയിൽ വന്നയാളാണ് താൻ സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി എന്തെങ്കിലും ചെയ്യുമോയെന്ന് തനിക്കറിയില്ല. അങ്ങനെയൊരു കാര്യവും താൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും വൈക്കം വിശ്വൻ കൂട്ടിച്ചേർത്തു.

