കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പുകശല്യം ശാശ്വതമായി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. രൂക്ഷമായ പുകശല്യം കാരണം നിരവധിയാളുകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്വയണ്മെന്റല് എഞ്ചിനിയര്‍, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവര്‍ക്ക് വിഷയം ചൂണ്ടിക്കാട്ടി കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നോട്ടീസയച്ചു.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം രണ്ടു ദിവസം കൊണ്ട് പൂര്‍ണമായും അണക്കാനാവുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ‘സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ പരിഭ്രാന്തിയുടെ സാഹചര്യം ഇല്ല. വായു ഗുണനിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആശുപത്രികളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കി’- മന്ത്രി വ്യക്തമാക്കി.
അതിനിടെ, ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. മാലിന്യ പ്ലാന്റിലെ തീപിടിത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവന്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയാണ്. പ്രതിരോധിക്കാന്‍ വേണ്ടി ഒരു സംവിധാനവും ചെയ്തില്ല. ജൈവ അജൈവ മാലിന്യങ്ങള്‍ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

