സ്വന്തം ചെലവുകൾ വഹിക്കാൻ സർക്കാർ പണം വേണ്ട; ബംഗാൾ ജനതയ്ക്ക് അത്ഭുതമായി ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: പശ്ചിമബംഗാൾ ജനതയ്ക്ക് ആശ്ചര്യവും അത്ഭുതവും ആയിരിക്കുകയാണ് ഗവർണർ സി വി ആനന്ദബോസ്. സ്വന്തം ചെലവുകൾ വഹിക്കാൻ സർക്കാർ പണം വേണ്ടെന്ന നിലപാടാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

തന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ എത്തിയപ്പോൾ പോലും അദ്ദേഹം ആ ചിലവുകൾ സർക്കാർ പണത്തിൽ നിന്ന് വഹിക്കേണ്ട എന്ന തീരുമാനമാണ് സ്വീകരിച്ചിരുന്നത്. ഇതിനായുള്ള പണം സ്വന്തം പോക്കറ്റിൽ നിന്നാണ് അദ്ദേഹം ചെലവഴിച്ചത്. ഗവർണർക്ക് ദന്ത ചികിത്സ ആവശ്യമെന്നപ്പോൾ അതിനായി ലക്ഷങ്ങളുടെ കൊട്ടേഷനുമായി സ്വകാര്യ ആശുപത്രികൾ സമീപിച്ചെങ്കിലും അത് വേണ്ടെന്നുവച്ച് സർക്കാർ ആശുപത്രിയുടെ സൗകര്യം ഉപയോഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഔദ്യോഗിക ആവശ്യങ്ങൾ ഒഴികെയുള്ള കാര്യങ്ങൾക്കായി സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കാം എന്നാണ് സി വി ആനന്ദബോസിന്റെ നിലപാട്. ഭാര്യയുടെ ചെലവുകൾ വഹിക്കുന്നത് പോലും അദ്ദേഹം സ്വന്തം നിലയ്ക്കാണ്.

എല്ലാ അർത്ഥത്തിലും ലളിത ജീവിതം നയിക്കുന്ന സി വി ആനന്ദ് ബോസ് ബംഗാൾ ജനതയ്ക്ക് അത്ഭുതമായിരിക്കുകയാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരിക്കൽ മാത്രമാണ് അദ്ദേഹം ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരുമായി വലിയ ഏറ്റുമുട്ടൽ നടത്താതെ സമന്വയത്തിന്റെ പാതയിലാണ് സി വി ആനന്ദ ബോസ് മുന്നോട്ടു പോകുന്നത്. ഇതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്ന മറ്റൊരു കാര്യം.