ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മനഃപൂര്‍വമുണ്ടാക്കിയത്‌: വി.ഡി സതീശന്‍

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം പരിശോധന ഒഴിവാക്കാന്‍ മനഃപൂര്‍വമായുണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ‘ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. മാലിന്യ പ്ലാന്റിലെ തീപിടിത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളി വിടുകയാണ്. പ്രതിരോധിക്കാന്‍ വേണ്ടി ഒരു സംവിധാനവും ചെയ്തില്ല. ജൈവ അജൈവ മാലിന്യങ്ങള്‍ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തത്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മാലിന്യ പ്ലാന്റിലെ തീ അണക്കാന്‍ ഹിറ്റാച്ചി എത്തിക്കുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് കുറ്റപ്പെടുത്തി. ആകെ ലഭിച്ചത് നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണെന്നാണ് കോര്‍പറേഷനെതിരെയുള്ള വിമര്‍ശനം. ‘ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം വാരി വിതറി വെള്ളം തളിക്കാതെ തീ കെടില്ല. ഹിറ്റാച്ചികളെത്തിച്ചാല്‍ രണ്ട് ദിവസം കൊണ്ട് തീ നിയന്ത്രിക്കാം. നിലവിലത്തെ സാഹചര്യത്തില്‍ തീ കെടുത്തിയാലും വീണ്ടും കത്തും’- ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബ്രഹ്മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്. അതേസമയം, പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.