ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നടക്കുന്ന പ്രോജക്ട് കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് ഗുരുതര പരിക്ക്. താരം തന്നെയാണ് പരിക്കേറ്റ വിവരം തന്റെ ബ്ളോഗിലൂടെ വെളിപ്പെടുത്തിയത്. മുംബയിലെ വീട്ടില്‍ വിശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അമിതാഭ് ബച്ചന് പരിക്കേറ്റതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. വലത് വാരിയെല്ലിന് സമീപത്തായി പേശിയില്‍ മുറിവുണ്ടായി. മുറിവ് ഭേദമാകാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്നും ബച്ചന് പറയുന്നു. പരിക്കിനെത്തുടര്‍ന്ന് ഹൈദരാബാദിലെ എ ഐ ജി ആശുപത്രിയില്‍ ചികിത്സ തേടുകയും സി ടി സ്കാന്‍ എടുക്കുകയും ചെയ്തിരുന്നു. ശ്വസിക്കുമ്ബോഴും ശരീരം അനങ്ങുമ്ബോഴും വേദന അനുഭവപ്പെടുന്നു. വേദനശമന ഗുളികള്‍ കഴിക്കുകയാണ്. കൂടുതല്‍ സമയവും വിശ്രമത്തിലായിരിക്കുമെങ്കിലും സമൂഹമാദ്ധ്യമങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിതാഭ് ബച്ചന്, പ്രഭാസ്, ദീപിക പദുക്കോണ്‍ എന്നിവര്‍ അഭിനയിക്കുന്ന പാന്‍-ഇന്ത്യ സയന്‍സ് ഫിക്ഷന്‍ ചിത്രം പ്രോജക്ട് കെ 2024 ജനുവരി 12നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ദീപിക പദുക്കോണ്‍ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

