ബ്രഹ്മപുരം തീപിടുത്തം: അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. എറണാകുളം കലക്ട്രേറ്റില്‍ രാവിലെ ഒന്‍പത് മണിക്ക് ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി. രാജീവും ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ്, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു. മൂന്ന് ദിവസമായി കൊച്ചിയെ പൊതിഞ്ഞിരിക്കുന്ന പുക കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് അടിയന്തരയോഗം ചേര്‍ന്നത്.

അതേസമയം, ബ്രഹ്മപുരത്തെ തീപിടുത്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ അറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണെന്ന് അഗ്‌നിക്ഷാസേനയും അറിയിച്ചു. ‘ഇന്ന് തന്നെ തീ പൂര്‍ണമായി അടയ്ക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ 25 യൂണിറ്റും നാവിക സേനയുടെ 2 യൂണിറ്റും രംഗത്തുണ്ട്. ഇതിനോടകം എണ്‍പതം ശതമാനം തീയും അണച്ചു കഴിഞ്ഞു. അവശേഷിക്കുന്ന അഗ്‌നി കൂടി അണയ്ക്കാനുള്ള ശ്രമത്തിലാണ്’- ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി എന്‍.സതീശന്‍ വ്യക്തമാക്കി.

നിലവില്‍ കൊച്ചിയിലെ കുണ്ടന്നൂര്‍ ഭാഗത്ത് കനത്ത പുകയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മിനിറ്റില്‍ 5000 ലിറ്റര്‍ വെള്ളം വലിച്ചെടുക്കാന്‍ സാധിക്കുന്ന ഹൈ പ്രഷര്‍ പമ്പ് വഴി പുഴയില്‍ നിന്നും വെള്ളം എടുത്ത് തീയില്‍ ഒഴിച്ചു കൊണ്ടിരിക്കുകയാണ്.