വനിതാ നിയമവിദഗ്ധരുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പലരും ചോദിക്കാറുണ്ട്; വിശദീകരണവുമായി ഡി.വൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നത് അഭിഭാഷവൃത്തിയുള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലയുടെയും അഭിവൃദ്ധിയ്ക്ക് കാരണമാകുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.

‘വനിതാ നിയമ വിദഗ്ധരുടെ എണ്ണം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് തന്നോട് പലരും പലപ്പോഴും ചോദിക്കാറുണ്ട്. സുപ്രീംകോടതിയില്‍ എന്തുകൊണ്ടാണ് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വനിതാ ജഡ്ജിമാര്‍ ഉണ്ടാകാത്തത്? സ്ത്രീകളില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ ഹൈക്കോടതി ജഡ്ജിമാര്‍ ഉണ്ടാകുന്നില്ല എന്നെല്ലാം പലരും എന്നോട് ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ലളിതമല്ല, അല്പം സങ്കീര്‍ണ്ണമാണ്. അതില്‍ സത്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. 2000 നും 2023നും ഇടയില്‍ സ്ത്രീകള്‍ക്ക് അഭിഭാഷക ജോലിയില്‍ പ്രവേശിക്കാനും അഭിവൃദ്ധിപ്പെടാനുമുള്ള സാഹചാര്യം ഇല്ലാതിരുന്നതിനാല്‍ 2023 ല്‍ സുപ്രീംകോടതി ജഡ്ജിമാരെ സ്ത്രീകളില്‍ നിന്ന് സൃഷ്ടിക്കാന്‍ ഒരു മാന്ത്രിക വടിയും ഇല്ല. കൂടാതെ വനിതകളുടെ തൊഴിലില്‍ കൂടൂതല്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതും വൈവിധ്യപൂര്‍ണ്ണവുമായ ഒരു ഭാവി സൃഷ്ടിക്കണമെങ്കില്‍ അതിന് തക്കതായ ഒരു തൊഴില്‍ ചട്ടക്കൂട് അല്ലെങ്കില്‍ അടിത്തറ സൃഷ്ടിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ജില്ലാ ജുഡീഷ്യറിയിലെ സമീപകാല സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് പല സംസ്ഥാനങ്ങളിലും 50 ശതമാനത്തിലധികം അഭിഭാഷകര്‍ സ്ത്രീകളാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ പുരോഗതിയാണ് അതിന് കാരണം. ഇന്ത്യയുടെ വിദ്യാഭ്യാസം വിപുലമായപ്പോള്‍ സ്ത്രീകളുടെ വിദ്യാഭ്യാസ നിരക്ക് വര്‍ധിച്ചു. ഒരു ശരാശരി ഇന്ത്യന്‍ കുടുംബത്തിന്റെ അഭിവൃദ്ധിയുടെ താക്കോല്‍ അവരുടെ പെണ്‍മക്കളെ പഠിപ്പിക്കുക എന്നതാണ്. ഈ ചിന്ത ഇന്ത്യന്‍ മദ്ധ്യ വര്‍ഗത്തിന്റെ ഇടയില്‍ വേരോടിയിട്ടുണ്ട്’- അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, 2027ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേല്‍ക്കാനിരിക്കുന്നത് ജസ്റ്റിസ് ബി.വി നാഗരത്‌നയാണ്.