ലണ്ടന്‍: രാജ്യത്ത് ജനാധിപത്യത്തിന്റെ വിശാലത പരിമിതപ്പെടുകയാണെന്നും, അതിന്റെ അടിസ്ഥാനഘടന തന്നെ ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി. ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്ട്വെയറായ പെഗാസസ് ഉപയോഗിച്ച് തനിക്കെതിരെ ചാരവൃത്തി നടന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ‘ 21ാം നൂറ്റാണ്ടില്‍ അറിയാന്‍ പഠിക്കുക’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. ജനാധിപത്യത്തിനെതിരായ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു, എന്റെ ഫോണില്‍ പെഗാസസ് ഉണ്ടായിരുന്നു. ധാരാളം രാഷ്ട്രീയക്കാരുടെ ഫോണുകളില്‍ പെഗാസസ് ഉണ്ടായിരുന്നു. അതിനാല്‍ ഫോണില്‍ സംസാരിക്കുമ്‌ബോള്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. ഇന്ത്യയില്‍ മാദ്ധ്യമങ്ങളെയും ജുഡീഷ്യറിയെയും പിടിച്ചെടുക്കുക, നിയന്ത്രിക്കുക, നിരീക്ഷണം ഏര്‍പ്പെടുത്തുക, ഭീഷണിപ്പെടുത്തുക, ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവര്‍ക്കെതിരെയുള്ള ആക്രമണം തുടങ്ങിയവയൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്’- രാഹുല്‍ ഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംവാദത്തിനിടെ പറഞ്ഞു.
അതേസമയം, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയായ രാഹുല്‍ ഇപ്പോള്‍ അവിടത്തെ വിസിറ്റിംഗ് ഫെലോയാണ്. ഒരാഴ്ചത്തെ പര്യടനത്തിനായിട്ടാണ് അദ്ദേഹം കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിലെത്തിയത്.

