ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ല; രാഷ്ട്രീയം കോടതി മുറിക്ക് ഉള്ളിൽ ആകരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജഡ്ജി ആയിരുന്ന കഴിഞ്ഞ 22 വർഷം ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അവശേഷിക്കുന്ന രണ്ട് വർഷവും ആരുടേയും ഭീഷണിക്ക് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിക്ക് ലഭിച്ച 1.33 ഏക്കർ ഭൂമി അഭിഭാഷകരുടെ ചേംബർ പണിയുന്നതിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി കേൾക്കണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ശബ്ദമുയർത്തി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഹർജി അടിയന്തിരമായി കേൾക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് വികാസ് സിംഗ് ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അഭിഭാഷകരുമായി എത്തി ജഡ്ജിമാരുടെ വസതികൾക്ക് മുന്നിൽ ധർണ്ണ ഇരിക്കുമെന്നും വികാസ് സിംഗ് പറഞ്ഞിരുന്നു. തുടർന്നായിരുന്നു ചീഫ് ജസ്റ്റിന്റെ പ്രതികരണം. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ് താനെന്നും തന്നെ പേടിപ്പിച്ച് ഇരുത്താൻ നോക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ഭീഷണിക്ക് വഴങ്ങില്ല. ഹർജി പതിനേഴിന് കേൾക്കും. എന്നാൽ ഒന്നാമത്തെ കേസായി കേൾക്കാൻ കഴിയില്ല. നിങ്ങളുടെ രാഷ്ട്രീയം കോടതി മുറിക്ക് ഉള്ളിൽ ആകരുത്. നടപടിക്രമങ്ങൾ എന്താണെന്ന് തന്നോട് പറയേണ്ട. എന്റെ കോടതിയിൽ എന്ത് നടപടിക്രമമാണ് നടപ്പാക്കേണ്ടതെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.