‘ലോകത്തെ പ്രമുഖ നേതാവാണെന്ന് മോദി തെളിയിച്ചു’; അഭിനന്ദിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകനേതാക്കള്‍ക്ക് ഏറ്റവും പ്രിയങ്കരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി അഭിപ്രായപ്പെട്ടു. ‘ലോകത്തെ പ്രമുഖ നേതാവാണെന്ന് അദ്ദേഹം തെളിയിച്ചു. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു’- അവര്‍ കൂട്ടിച്ചേര്‍ത്തു. റെയ്‌സിന ഡയലോഗില്‍ പങ്കെടുക്കുന്നതിനായി ന്യൂഡല്‍ഹിയിലെത്തിയതായിരുന്നു മെലോനി. രാഷ്ട്രപതിഭവനിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി അവരെ സ്വീകരിച്ചു.

അതേസമയം, ഇന്ത്യയും ഇറ്റലിയും തമ്മിലുള്ളത് സുദൃഢമായ ബന്ധമാണെന്നും അത് ഇനിയും ശക്തമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മെലോനി പറഞ്ഞു. റെയ്‌സിന ഡയലോഗിന്റെ എട്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയും മുഖ്യപ്രഭാഷകയുമാണ് മെലോനി. പ്രധാനമന്ത്രി മോദിയാണ് ഉദ്ഘാടകന്‍.

ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അറ്റോണിയോ തജാനിയും വ്യവസായ പ്രമുഖരുടെ സംഘവും മെലോനിക്കൊപ്പം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.