തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കായി വീണ്ടും ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ വെറ്റ്ലീസ് വ്യവസ്ഥയില്‍ (പൈലറ്റ് സഹിതം) വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു കഴിഞ്ഞു. ഇതിനായി പുതിയ ടെന്‍ഡര്‍ വിളിക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പവന്‍ഹംസ് കമ്ബനിയില്‍ നിന്നു ടെന്‍ഡറില്ലാതെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തതു വിവാദമായിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് തൃശൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു. ഹെലികോപ്റ്റര്‍ വാടക ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനവും വിവാദങ്ങള്‍ ഉയരാന്‍ കാരണമായി. എന്നാല്‍, വി എസ് സര്‍ക്കാരിന്റെ കാലത്ത് സമാനമായ രീതിയില്‍ ശുപാര്‍ശ വന്നെങ്കിലും അന്ന് ഈ ആവശ്യം വി എസ് തള്ളിക്കളഞ്ഞിരുന്നു. ഖജനാവിന് അധിക ബാധ്യത വരുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വി എസ് ഈ ശുപാര്‍ശ തള്ളിക്കളഞ്ഞത്. ഈ ശുപാര്‍ശ വീണ്ടും സജീവമാക്കാന്‍ ഡിജിപി തന്നെയാണ് ചുക്കാന്‍ പിടിച്ചതും. ഈ വിവാദങ്ങള്‍ വന്നപ്പോള്‍ 60 കോടി രൂപയുടെ ഹെലികോപ്റ്റര്‍ സര്‍ക്കാര്‍ സ്വന്തമായി വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. അന്ന് വാടക പ്രതിവര്‍ഷം 8 കോടി രൂപ നല്‍കേണ്ടിവരും എന്നാണ് സര്‍ക്കാരിനു മുന്നില്‍ വന്നത്. അതിനാലാണ് സ്വന്തമായി ഹെലികോപ്റ്റര്‍ എന്ന ആശയം വന്നത്. അറ്റകുറ്റപ്പണികള്‍ക്ക് ഓരോ മാസവും 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്നു. കൂടാതെ വിമാനത്താവളത്തിലെ തറവാടകയിനത്തിലും ഓരോ മാസവും 10 ലക്ഷം രൂപയോളം നല്‍കണ്ടിയും. നാല് പൈലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫുമാണ് ഹെലികോപ്റ്ററിനു വേണ്ട ജീവനക്കാര്‍.
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡിന്റെ 6000 കോടി രൂപയുടെ കടമെടുപ്പിനു സര്‍ക്കാര്‍ ഗാരന്റി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ജനുവരി 12 വരെ കമ്ബനി പുതിയതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കാണ് ഇതില്‍ 4200 കോടി രൂപയുടെ ഗാരന്റി നല്‍കുക. ബാക്കി 1800 കോടി രൂപയുടെ ഗാരന്റി ഭാവിയില്‍ എടുക്കുന്ന വായ്പയ്ക്കാണ്. പെന്ഷന് നല്‍കുന്നതിനുള്ള പണം കണ്ടെത്തുന്നതിനെന്ന പേരിലാണ് ഇത്തവണത്തെ ബജറ്റില്‍ സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ സീഡ് ഫണ്ട് പ്രഖ്യാപിച്ചത്.

