രാജ്യത്ത് വീണ്ടും സ്വർണനിക്ഷേപം കണ്ടെത്തി; സ്വർണ്ണശേഖരമുള്ളത് ഈ സംസ്ഥാനത്ത്….

ന്യൂഡൽഹി: ഒഡീഷയിലെ മൂന്ന് ജില്ലകളിൽ കൂടി വൻതോതിൽ സ്വർണനിക്ഷേപം കണ്ടെത്തി. ദിയോഗർഗ്, കിയോഞ്ഝർ, മയൂർഭഞ്ജ് ജില്ലകളിലാണ് സ്വർണനിക്ഷേപം കണ്ടെത്തിയത്. ചെമ്പും ഈ മേഖലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ നടത്തിയ പുതിയ സർവെയനുസരിച്ചാണ് കണ്ടെത്തൽ.

അഡാസ് മേഖലയിൽ 1685 കിലോ സ്വർണ അയിര് ജിയോളജിക്കൽ സർവെ വിദഗ്ദ്ധർ കണ്ടെത്തി. ഗോപൂർ, ഗജിപൂർ, കുസാകല, ആദൽ, സാലേക്കാന, ദിമിരിമുണ്ട, കരദംഗ എന്നിവിടങ്ങളിലും സ്വർണശേഖരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സ്റ്റീൽ ഖനി മന്ത്രി പ്രഫുല്ല മാലിക് നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

70.1ടൺ ആണ് ഇന്ത്യയുടെ സ്വർണശേഖരമെന്നാണ് ഖനി മന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയിലാണ് ഏറ്റവുമധികം ശേഖരമുള്ളത്. ഇതിൽ 88 ശതമാനം ഖനിശേഖരവും കർണാടകയിലാണ്. ഖനന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഇന്ത്യയ്ക്ക് പ്രതിവർഷം സ്വർണഖനനം 20 ടണ്ണായി ഉയർത്താനാകുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. നിലവിൽ രാജ്യത്ത് മൂന്ന് സ്വർണഖനികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഹുട്ടി, ഉട്ടി എന്നിങ്ങനെ കർണാടകയിലുള്ള ഖനികളും ജാർഖണ്ഡിലെ ഹീരബുദ്ധിനി ഖനിയുമാണ് നിലവിൽ ഇന്ത്യയിൽ പ്രവർത്തനം നടത്തുന്നത്.