ഭോപാല്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്ബരയിലെ മൂന്നാം മത്സരത്തിലും ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍. ഓസ്‌ട്രേലിയയുടെ നാലുവിക്കറ്റുകളും നേടിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്.
ഓസ്‌ട്രേലിയയ്ക്കെതിരായ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജഡേജ 500 വിക്കറ്റുകള്‍ നേടി. മറ്റൊരു അപൂര്‍വ്വനേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റുകളും 5000 റണ്‍സും തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില്‍ ജഡേജയും ഇടംപിടിച്ചിരിക്കുകയാണ്. ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ജഡേജ. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവാണ് ഇതിന് മുമ്ബ് ഈ നേട്ടം സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റെടുത്താണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്. 298 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 5527 റണ്‍സാണ് ജഡേജയ്ക്കുള്ളത്. മൂന്ന് സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളുമുണ്ട്. 298 മത്സരങ്ങളില്‍ നിന്ന് 503 വിക്കറ്റുകളാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്കുള്ളത്. കപില്‍ ദേവിന് 9031 റണ്‍സും 687 വിക്കറ്റുകളുടെ റെക്കോര്‍ഡുമാണുള്ളത്.

