മുകേഷ് അംബാനിക്കും കുടുംബത്തിനും രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ നൽകണം; സുപ്രീം കോടതി

ന്യൂഡൽഹി: റിലയൻസ് ഇൻഡ്‌സ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് നിർദ്ദേശം നൽകി സുപ്രീംകോടതി. ഭീഷണിയുണ്ടെങ്കിൽ സുരക്ഷാ കവചം ഒരു പ്രത്യേക പ്രദേശത്തോ താമസിക്കുന്ന സ്ഥലത്തോ പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

അംബാനിക്കും കുടുംബാംഗങ്ങൾക്കും മുംബൈയിലുള്ള സുരക്ഷാ തുടരാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കുന്ന 2022 ജൂലൈ 22ലെ ഉത്തരവിൽ വ്യക്തത തേടി ഹർജിക്കാരനായ ബികാഷ് സാഹ സമർപ്പിച്ച അപേക്ഷയിലാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഏറ്റവും ഉയർന്ന ഇസെഡ് പ്ലസ് സെക്യൂരിറ്റി കവർ 2 മുതൽ 6 വരെയുള്ള കക്ഷികൾക്ക് ഇന്ത്യയിലുടനീളം ലഭ്യമാകണമെന്നും മഹാരാഷ്ട്ര സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇത് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇന്ത്യ ഗവൺമെന്റിന്റെ നയമനുസരിച്ച് ഉയർന്ന തലത്തിലുള്ള ഇസെഡ് പ്ലസ് സുരക്ഷ കക്ഷികൾ വിദേശ യാത്രകൾ നടത്തുമ്പോഴും ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇന്ത്യയിലോ വിദേശത്തോ ഇസെഡ് പ്ലസ് സുരക്ഷാ പരിരക്ഷ നൽകുന്നതിനുള്ള മുഴുവൻ ചെലവും കുടുംബം വഹിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.