കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഏറ്റുമുട്ടൽ. താലിബാൻ സൈന്യത്തിന്റെ വെടിയേറ്റ് ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. കാബൂളിൽ നടന്ന തീവ്രവാദ വിരുദ്ധ റെയ്ഡിനിടെ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടത്.
ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയുടെ (ഐഎസ്കെപി) മുൻ യുദ്ധമന്ത്രിയായി വിശേഷിപ്പിക്കപ്പെടുന്ന ഖാരി ഫത്തേഹാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് വ്യക്തമാക്കി. കാബൂളിൽ റഷ്യൻ, പാകിസ്ഥാൻ, ചൈനീസ് നയതന്ത്ര ദൗത്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഐഎസ്കെപിയുടെ പ്രധാന തന്ത്രജ്ഞനായിരുന്നു ഖാരി ഫത്തേഹ്. ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ ആദ്യ അമീറായിരുന്ന ഇജാസ് അഹമ്മദ് അഹാംഹറിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ.
ഈ വർഷം ജനുവരിയിൽ അഹാംഗറിനെ ഇന്ത്യൻ സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ജമ്മു കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ് ഇയാൾ. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സർക്കാർ ഇയാളെ അന്വേഷിക്കുന്നുണ്ട്.

