ജി20: ജപ്പാന്‍ പങ്കെടുക്കില്ല; ചൈനീസ് വിദേശകാര്യ മന്ത്രി എത്തും

ന്യൂഡല്‍ഹി: പാര്‍ലമെന്ററി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ജപ്പാന്‍ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജപ്പാനില്‍ ബഡ്ജറ്റ് കമ്മിറ്റി നടക്കുകയാണ്. യോഷിമാസയ്ക്ക് പകരം സഹമന്ത്രിയെ അയയ്ക്കാനാണ് നീക്കം. ബുധനാഴ്ച മുതലാണ് ജി20 ഉച്ചകോടി ആരംഭിക്കുന്നത്.

അതേസമയം, ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍, റഷ്യ- യുക്രെയ്ന്‍ യുദ്ധം എന്നിവയ്ക്കിടയില്‍ ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ജപ്പാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉച്ചകോടിയില്‍ നിന്ന് വിദേശകാര്യമന്ത്രി വിട്ടുനില്‍ക്കുന്നത്. മേയില്‍ നടക്കുന്ന ജി7 ഉച്ചകോടി ജപ്പാന്‍ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ഇത്തരമൊരു നടപടി. ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണികളെ നേരിടാന്‍ അമേരിക്കയ്ക്ക് പുറമേ പങ്കാളികളെ തേടുകയാണ് ജപ്പാന്‍. അതിനാല്‍, ജനുവരിയില്‍ ഇന്ത്യയും ജപ്പാനും ആദ്യമായി സംയുക്ത സൈനിക വ്യോമാഭ്യാസം നടത്തുകയും ചെയ്തിരുന്നു. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയെയും ഓസ്‌ട്രേലിയയെയും ക്ഷണിക്കാനുള്ള തയ്യാറെടുപ്പില്‍ കൂടിയാണ് ജപ്പാന്‍.

എന്നാല്‍, മാര്‍ച്ച് രണ്ട് വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനയുടെ വിദേശകാര്യ മന്ത്രി കിന്‍ ഗാംഗ് പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജി20 യോഗം ബഹുമുഖത്വത്തിന് അനുകൂലമായ സൂചന നല്‍കുന്നു. അതിനാല്‍ എല്ലാ കക്ഷികളുമായും പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണെന്ന് ചൈനീസ് വക്താവ് മാവോ നിംഗ് പറഞ്ഞു.