സ്വന്തം നേതാക്കളെ ചരിത്രം കൂടി പഠിപ്പിക്കണം; കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് അനിൽ കെ ആന്റണി

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് എ കെ ആന്റണിയുടെ മകനും പാർട്ടി മുൻ ദേശീയ സോഷ്യൽ മീഡിയാ കൺവീനറുമായ അനിൽ കെ ആന്റണി. ദേശിയ പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നൽകിയ പത്ര പരസ്യം ഉയർത്തിക്കാട്ടിയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. പരസ്യത്തിൽ മൗലാനാ അബ്ദുൾ കലാം ആസാദിനെ ഒഴിവാക്കിയതും സുഭാഷ് ചന്ദ്രബോസിനെ രണ്ടാം നിരയിലേക്ക് മാറ്റിയതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

അംബേദ്ക്കർ എങ്ങനെ കോൺഗ്രസ് നിരയിൽ എത്തിയെന്ന് അദ്ദേഹം ചോദിച്ചു. വ്യക്തി ഹത്യനടത്താൻ ശ്രദ്ധ ചെലുത്തുന്ന സൈബർ പോരാളികൾ ആ സമയം കൊണ്ട് സ്വന്തം നേതാക്കളെ ചരിത്രം കൂടി പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ് സുപ്രിയ ശ്രീനതെ എന്നിവരെ മെൻഷൻ ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ, ബിബിസി ഡോക്യുമെന്ററിക്കെതിരെ അനിൽ ആന്റണി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമായിരുന്നു അനിലിന്റെ പരാമർശം. സംഭവത്തിൽ കോൺഗ്രസിൽ നിന്നും ശക്തമായ പ്രതിഷേധവും വിമർശനവും നേരിടേണ്ടി വന്നതോടെ അനിൽ ആന്റണി പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെയ്ക്കുകയായിരുന്നു.