‘ഗ്രൂപ്പ് രാഷ്ട്രീയത്തിന് കേരളത്തില്‍ ഇനി സ്ഥാനമില്ല’: കെ. സുധാകരന്‍

റായ്പുര്‍: കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഗ്രൂപ്പ് നേതാക്കളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.

‘പാര്‍ട്ടിക്കകത്തെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം നേതാക്കന്‍മാരാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശത്രുക്കള്‍. ഇടംകോലിട്ട് പാര്‍ട്ടിയെ ബുദ്ധിമുട്ടിച്ചാല്‍ എന്തുവേണമെന്ന് ഗൗരവമായി ആലോചിക്കും. ഗ്രൂപ്പ് രാഷ്ട്രീയത്തിന് കേരളത്തില്‍ ഇനി സ്ഥാനമില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തെ അംഗീകരിച്ചുകൊണ്ടുപോകാന്‍ പാര്‍ട്ടിയുടെ ഇന്നത്തെ നേതൃത്വം തയ്യാറല്ല. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ആ സംശയം അവര്‍ മാറ്റിവെക്കുന്നതാണ് നല്ലത്. പാര്‍ട്ടിയുടെ താഴേത്തട്ടുമുതല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ ചിന്താഗതിയില്‍ അമര്‍ന്നുപോയ ഒരുപാട് നേതാക്കന്‍മാരുണ്ട് കേരളത്തില്‍. അവര്‍ക്കെല്ലാം മോചനം നല്‍കാന്‍ നേതൃത്വം ശ്രമിച്ചു. ഞങ്ങളാരും ഗ്രൂപ്പുണ്ടാക്കാന്‍ പോയിട്ടില്ലെന്നും ഇനി ഗ്രൂപ്പ് ഉണ്ടാക്കില്ല. ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേയുള്ള ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബാലിശമാണ്. എല്ലാവരോടും ചര്‍ച്ചചെയ്താണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. കഴിവും മികവും ജനസമ്മിതിയുമുള്ള പ്രവര്‍ത്തകരേയാണ് നേതാക്കന്‍മാരായി പാര്‍ട്ടിക്ക് ആവശ്യം. അവരെ കണ്ടെത്തി അതാത് സ്ഥാനങ്ങളില്‍ നിയോഗിക്കും. അതില്‍ ചര്‍ച്ചചെയ്തില്ല, സമ്മതം ചോദിച്ചില്ല എന്നൊന്നും പറയാന്‍ ആര്‍ക്കും അവകാശമില്ല. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതാക്കള്‍ക്ക് അതിനുള്ള അധികാരവും അവകാശവുമുണ്ട്’- അദ്ദേഹം ചൂണ്ടിക്കാട്ടി.