ഫിഫ അവാര്‍ഡ്: മികച്ച ഫുട്‌ബോള്‍ താരമായി ലയണല്‍ മെസ്സി

പാരീസ്: ലോക കിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങളും അര്‍ജന്റീന തൂത്തുവാരി. 2022 ലെ മികച്ച ഫുട്‌ബോള്‍ താരമായി ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു. 2019ന് ശേഷം മെസ്സിയുടെ ആദ്യ ഫിഫ പുരസ്‌കാരമാണിത്. ഖത്തറില്‍ 3-3ന് സമനില വഴങ്ങിയതിനെ തുടര്‍ന്ന് പെനാല്‍റ്റിയില്‍ അര്‍ജന്റീന ജേതാക്കളാകുന്നതിന് മുമ്ബ് ഫ്രാന്‍സിനെതിരായ ഫൈനലില്‍ 35 കാരന്‍ രണ്ട് ഗോളുകള്‍ നേടി.

മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോനിയും മികച്ച പുരുഷ ഗോള്‍കീപ്പറായി എമിലിയാനോ മാര്‍ട്ടിനെസും (അര്‍ജന്റീന) തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്നിലാക്കിയാണ് സ്‌കലോണിയുടെ നേട്ടം. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടിയതും അര്‍ജന്റൈന്‍ സംഘം തന്നെയാണ്.

‘ഇത് അതിശയകരമാണ്. ഇത് ഒരു മഹത്തായ വര്‍ഷമായിരുന്നു, ഇന്ന് രാത്രി ഇവിടെ വന്ന് ഈ അവാര്‍ഡ് നേടിയത് എനിക്ക് ഒരു ബഹുമതിയാണ്’, മെസ്സി പറഞ്ഞു. ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് ആദര്‍മര്‍പ്പിച്ച ചടങ്ങിന് പെലെയുടെ കുടുംബവും എത്തിയിരുന്നു.