രാജ്യത്ത്‌ തിളക്കുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല; സ്ഥലങ്ങള്‍ക്ക് പുനര്‍നാമകരണം ചെയ്യണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ‘കടന്നുകയറ്റക്കാരുടെ’ പേരുള്ള എല്ലാ നഗരങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേരുമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചരിത്രപരമായും മതപരമായും സാസ്‌കാരികമായും പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാര്‍ഥ പേരുകള്‍ എന്തായിരുന്നുവെന്ന് കണ്ടെത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു ഉപാധ്യായ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്തരം ഹര്‍ജികള്‍ രാജ്യത്തെ തിളപ്പിച്ചുനിര്‍ത്താന്‍ ഇടയാക്കും വിധം പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുമെന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് വിലയിരുത്തി.

‘രാജ്യത്തിന്റെ ചരിത്രം ജനങ്ങളെയും വരും തലമുറയേയും വേട്ടയാടാന്‍ പാടില്ല. ഹിന്ദുമതം ഒരു ജീവിതരീതിയാണ്. മതാന്ധതയ്ക്ക് അതില്‍ സ്ഥാനമില്ല. സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന വസ്തുതകള്‍ ചരിത്രം ചികഞ്ഞ് കണ്ടെത്തേണ്ടതില്ല. രാജ്യം തിളയ്ക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇന്ത്യ മതേതര രാജ്യമെന്ന് ഓര്‍ക്കണം. ഹര്‍ജി വിരല്‍ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഹര്‍ജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമം. ഹിന്ദു സംസ്‌കാരം ഏല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണ്. ഹര്‍ജിക്കാരന്‍ ബ്രിട്ടീഷുകാരുടെ ഭിന്നിച്ച് ഭരിക്കുകയെന്ന രീതിയാണോ ഉദ്ദേശിക്കുന്നത്? ഭൂതകാലത്തിന്റെ ജയിലില്‍ കഴിയാനാകില്ല. സമൂഹത്തില്‍ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാന്‍ ശ്രമിക്കരുത്’- കോടതി പറഞ്ഞു.

അതേസമയം, വേദങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള നഗരങ്ങള്‍, ഇന്ന് നിലവിലില്ലെന്ന് ഉപാധ്യായ കോടതിയില്‍ വ്യക്തമാക്കി. നമുക്കും മതത്തിന് അവകാശമുണ്ട്. പല ചരിത്ര സ്ഥലങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ തുടച്ചുനീക്കപ്പെട്ടു. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍. ഇന്ത്യയില്‍ പോലും ഏഴ് സംസ്ഥാനങ്ങളില്‍ 200 ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. എന്തുകൊണ്ടാണ് ചരിത്രം ഗസ്നി-ഘോരിയില്‍ നിന്ന് തുടങ്ങേണ്ടത്? പതിനഞ്ചാം നൂറ്റാണ്ടില്‍ നിന്ന് മാത്രമാണോ? എന്നും അശ്വിനി ഉപാധ്യായ ചോദിച്ചു. വിദേശ ആക്രമണകാരികള്‍ക്ക് ഇന്ത്യയില്‍ അവകാശമില്ല.. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അവകാശം. ഔറംഗസേബിനും തുഗ്ലക്കിനും ഘോരിക്കും ഇന്ത്യയുമായി എന്താണ് ബന്ധം?- ഉപാധ്യായ കോടതിയില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, മുമ്പ് നടന്ന കാര്യങ്ങളേക്കാള്‍, നാട്ടില്‍ ഇപ്പോള്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ലേയെന്നും ഹിന്ദു മതത്തില്‍ മതാന്ധതയില്ലെന്നും ജസ്റ്റിസ് ജോസഫ് വ്യക്തമാക്കി.