മാധ്യമ പ്രവർത്തകരുടെ ആവശ്യങ്ങൾ പരിഗണിക്കും: ഉറപ്പ് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പത്ര പ്രവർത്തക യൂണിയൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർദ്ധന പൂർണമായി നടപ്പാക്കുക. മാധ്യമപ്രവർത്തകർക്ക് സെക്രട്ടറിയേറ്റിൽ പ്രവേശനത്തിനുള്ള നിയന്ത്രണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂണിയൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടത്.

പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസ് തുക യഥാസമയം ഒറ്റത്തവണയായി നൽകുക, പത്രപ്രവർത്തക പെൻഷൻ എല്ലാമാസവും കൃത്യമായി നൽകുക, ആവശ്യത്തിന് ജീവനക്കാരെ ഉൾപ്പെടുത്തി പത്രപ്രവർത്തക പെൻഷൻ സെഷൻ പുനസ്ഥാപിക്കുക, കരാർ ജീവനക്കാരെയും വീഡിയോ എഡിറ്റർമാരെയും പത്രസ്ഥാപനങ്ങളിലെ മാഗസിൻ ജേർണലിസ്റ്റുകളേയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, സർക്കാരിന്റെ പെൻഷൻ- അക്രഡിറ്റേഷൻ കമ്മിറ്റികൾ ഉടൻ ചേരുക തുടങ്ങിയ ആവശ്യങ്ങളാണ് പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ ഉന്നയിച്ചത്.

അതേസമയം, നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര-ദൃശ്യ മാധ്യമങ്ങൾക്ക് മുൻപുണ്ടായിരുന്ന അനുമതി പുനസ്ഥാപിക്കണമെന്ന കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യം ചർച്ച ചെയ്യാമെന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. മാധ്യമ പ്രവർത്തകർക്ക് നിയമസഭാ റിപ്പോർട്ടിങ്ങിൽ പരിശീലനം നൽകുന്ന കൂടുതൽ പരിപാടികൾ സംഘടിപ്പിക്കണമെന്ന യൂണിയൻ ഭാരവാഹികളുടെ ആവശ്യവും പരിഗണിക്കാമെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.