ന്യൂഡൽഹി: ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ. മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാൾ വിമർനവുമായി രംഗത്തെത്തിയത്. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമെന്ന് സിസോദിയുടെ അറസ്റ്റെന്ന് അദ്ദേഹം പറഞ്ഞു. സിസോദിയ നിരപരാധിയാണ്. ഇവിടെ എന്താണ് നടക്കുന്നതെന്ന് രാജ്യത്തെ ജനങ്ങൾക്ക് മനസിലാകും. ജനങ്ങൾ പ്രതികരിക്കുമെന്നും തങ്ങളുടെ പോരാട്ടം ശക്തിപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ജനാധിപത്യത്തിലെ കറുത്ത ദിനമെന്നാണ് അറസ്റ്റിന് പിന്നാലെ ആംആദ്മി പാർട്ടി പ്രതികരിച്ചത്. സിസോദിയയുടെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് ബിജെപി ഇടപെടലിൽ സിബിഐ വ്യാജ കേസിൽ അറസ്‌റ് ചെയ്തത്. ഇതെല്ലാം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും ആംആദ്മി പാർട്ടി വിമർശിച്ചു.
ബിജെപിക്ക് എഎപിയെ ഭയമായതിനാലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതാണ് ആതിഷി മർലേന ആരോപിച്ചത്. ഇതുകൊണ്ടൊന്നും ആം ആദ്മി പാർട്ടി നേതാക്കൾ ഭയപ്പെടില്ല. ഇപ്പോൾ ദില്ലിയിലെ വിദ്യാഭ്യാസ മന്ത്രിയായ മനീഷ് സിസോദിയ നാളെ ഈ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാകുമെന്നും ആതിഷി കൂട്ടിച്ചേർത്തു.

