ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തില്‍ കോപ്പിയടി ആരോപിച്ച് തമിഴ് സംവിധായിക ഹലിത ഷമീം രംഗത്ത്. തമിഴില്‍ നല്ല സിനിമകള്‍ ചെയ്ത സംവിധായികയായ ഹലിത ഷമീം 2021ല്‍ ചെയ്ത ഏലേ എന്ന ചിത്രത്തിലെ പലതും അതുപോലെ പകര്‍ത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്തതെന്ന് അവകാശപ്പെടുന്നു.
ഹലിത ഷമീമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്:
ഒരു സിനിമയില്‍ നിന്ന് അതിന്റെ സൌന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ഠിക്കുന്നത് അംഗീകരിക്കാനാവില്ല. ഏലേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങള്‍ തയ്യാറാക്കി. അതേ ഗ്രാമത്തിലാണ് നന്‍പകല്‍ നേരത്ത് മയക്കവും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്കുന്ന ഒന്നാണ്. ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൌന്ദര്യാനുഭൂതിയെ അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. അവിടുത്തെ ഐസ്ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്. അവിടെ ഒരു മോര്‍ച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യന് ഓടുന്നുവെങ്കില്‍ ഇവിടെ ഒരു പ്രായമായ മനുഷ്യനു പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്. ഞാന്‍ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനന് മമ്മൂട്ടിക്കൊപ്പം പാടുകയാണ്, ഏലേയിലേതു പോലെ തന്നെ. പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇതില്‍ കണ്ടു. കഥ മുന്നോട്ട് പോകുമ്ബോള്‍ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. എനിക്കുവേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന എന്റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ല.
സംവിധായിക ഹലിത ഷമീമിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സില്ലു കറുപ്പാട്ടി. എന്നാല്‍, ഈ ആരോപണത്തിന് ലിജോ ജോസ് പെല്ലിശ്ശേരി ഇതുവരെയും മറുപടി പറഞ്ഞിട്ടില്ല.

