ജാതി സെന്‍സസ് നടത്തും, പിന്നോക്ക വിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കും; കോണ്‍ഗ്രസ് പ്ലീനറി സമ്മേളന പ്രമേയം ഇങ്ങനെ

റായ്പൂര്‍: രാജ്യത്ത് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ പ്രമേയം. പിന്നോക്ക വിഭാഗങ്ങളുടെ താല്‍പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും, ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം ഉണ്ടാവും, വനിത കമ്മീഷന് ഭരണഘടന പദവി നല്‍കും, ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ ‘രോഹിത് വെമുല നിയമം’ കൊണ്ടു വരും കോണ്‍ഗ്രസ് പ്രമേയത്തില്‍ വ്യക്തമാക്കി

അതേസമയം, താഴേത്തട്ട് മുതല്‍ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് സമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവര്‍ത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചര്‍ച്ചകള്‍ പൊതുജനങ്ങളിലേക്കെത്തണം. ഈ ചര്‍ച്ചകള്‍ ഇവിടെ അവസാനിക്കരുത്. ഒറ്റക്കെട്ടായി പാര്‍ട്ടി മുന്‍പോട്ട് പോകുമെന്ന് പ്രതീക്ഷയുണ്ട്’- പ്രിയങ്ക വ്യക്തമാക്കി. ‘ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ കടുത്ത ഭീതിയിലാണ്. ഉത്തരേന്ത്യയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു. ഡല്‍ഹിയില്‍ അവര്‍ക്ക് പ്രതിഷേധിക്കേണ്ടതായി വന്നു. സംഘപരിവാറാണ് ആക്രമണത്തിന് പിന്നില്‍. മോദി സര്‍ക്കാരാണ് ഇതിന് പിന്തുണ നല്‍കുന്നതെന്ന് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ്ഇ-എസ്ടി കോളനികള്‍ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തിയതോടെയാണ് കോണ്‍ഗ്രസിന്റെ 85 ാം പ്ലീനറി സമ്മേളന പരിപാടികള്‍ക്ക് തുടക്കമായത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിയായിരുന്നു ഖര്‍ഗെയുടെ പ്രസംഗം. ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെതിരെ നിലകൊള്ളാന്‍ തയ്യാറുള്ളവരുമായി സഹകരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.