ഭാവനയുടെ തിരിച്ചുവരവിലെ നിശ്ചയദാര്‍ഢ്യം സ്ത്രീ പോരാട്ടങ്ങളിലെ മാതൃകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍. ബിന്ദു ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന അഭിനയിക്കുന്ന മലയാള ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഇന്നലെ റിലീസായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
‘തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃകയാണ്. പ്രതിബന്ധങ്ങളെ മാത്രമോ! – തളര്‍ച്ചകളെ വരെ തന്റെ ഇടത്തിന്റെ പരിപാലനത്തില്‍ തടസ്സമാവാതെ നോക്കുന്ന പെണ്ണത്തമാണത്. സ്വഭാവനയില്‍ കാണുന്ന സ്വജീവിതം കെട്ടിയുയര്‍ത്താന്‍ ഓരോരോ പെണ്‍കുട്ടിയും തൊട്ടുള്ള സ്ത്രീ ജനതയ്ക്ക് പ്രാപ്തിയായെന്ന് ഉദ്‌ഘോഷിക്കുന്ന റീ-എന്‍ട്രി. കേരളം നിങ്ങളെ വരവേല്‍ക്കുന്നു, പ്രിയങ്കരിയായ ഭാവനാ! അതിനു താങ്കളോട് ചേര്‍ന്നു നിന്ന, എന്റെ പ്രിയ സുഹൃത്തു കൂടിയായ നിര്‍മ്മാതാവ് രാജേഷ് കൃഷ്ണയടക്കം ഏവര്‍ക്കും അഭിവാദനവും നേരുന്നു.’

