മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂകമ്പമാപിനി സ്ഥാപിക്കുന്നു; നടപടികൾ ആരംഭിച്ചു

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂകമ്പമാപിനി സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ച് തമിഴ്‌നാട്. 3 സ്ഥലങ്ങളിലാണ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ മുകൾഭാഗത്ത് ഉപകരണങ്ങൾ സ്ഥാപിച്ചു.

ഒരു സീസ്‌മോഗ്രാഫും 2 ആക്സിലറോഗ്രാഫും ചേരുന്നതാണ് ഒരു യൂണിറ്റ്. ഹൈദരാബാദിലെ എൻജിആർഐ (നാഷനൽ ജിയോഗ്രഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) സീസ്‌മോളജി ലബോറട്ടറിയാണ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. നാഷനൽ ജിയോഗ്രഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് വിജയരാഘവൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ശേഖർ എന്നിവരുടെ നേതൃത്വത്തിലാണ് ഉപകരണങ്ങൾ സ്ഥാപിക്കൽ നടന്നത്. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ ആർ. പ്രിയേഴ്സിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കേരളത്തെ പ്രതിനിധീകരിച്ച് മേഖലയിലെത്തി. പെരിയാർ ഡാം എക്‌സിക്യുട്ടീവ് എൻജിനീയർ ജെ.സാം ഇർവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് തമിഴ്‌നാടിനെ പ്രതിനിധികരിച്ച് എത്തിയത്.

അണക്കെട്ടിന്റെ മുകൾ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഭൂകമ്പമാപിനിയിൽ നിന്നുള്ള ചലനങ്ങൾ ഉപഗ്രഹം വഴി ഹൈദരാബാദിലെ നാഷനൽ ജിയോഗ്രഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു വിശകലനം ചെയ്യും. ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം അണക്കെട്ടിലെ ഗാലറി, ക്വാർട്ടേഴ്‌സ് ഭാഗം എന്നിവിടങ്ങളിലും ഓരോ ഭൂകമ്പമാപിനികൾ കൂടി സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.