ആശുപത്രിയുടെ സമീപത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും; വീണാ ജോർജ്

തിരുവനന്തപുരം: ആശുപത്രിയുടെ സമീപത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സന്ദർശനം നടത്തവെയാണ് ആശുപത്രിയുടെ സമീപത്ത് സർക്കാർ ഡോക്ടറുടെ ബോർഡ് ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഡോക്ടർ ബോർഡ് നീക്കി.

വിഷയത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് വിജിലൻസിനും മന്ത്രി നിർദ്ദേശം നൽകിയിരുന്നു. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ ഡോക്ടറുടെ ബോർഡ് അപ്രത്യക്ഷമായി. ഹെൽത്ത് സർവീസിന് കീഴിലുള്ള ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമാണെങ്കിലും ആശുപത്രിയുടെ സമീപത്ത് ബോർഡ് വച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നായിരുന്നു മന്ത്രി വീണാ ജോർജ് പറഞ്ഞത്.

വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനാണ് ഈ ഡോക്ടർമാർക്ക് അനുമതിയുള്ളത്. ചട്ട ലംഘനം നടത്തി ആശുപത്രിക്ക് സമീപം സ്വകാര്യ പ്രാക്ടീസ് നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗിയോ ബന്ധുക്കളോ വീട്ടിൽ പോയി ഡോക്ടറെ കാണരുതെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.