അഴിമതി ഇനി ഇല്ല; എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഇനി കേന്ദ്രസര്‍ക്കാരിന്റെ തത്സമയ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: അഴിമതി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ലമെന്റംഗങ്ങളുടെ പ്രാദേശികവികസന ഫണ്ട് (എംപി.ലാഡ്) ഇനി കേന്ദ്രസര്‍ക്കാരിന്റെ തത്സമയനിരീക്ഷണത്തില്‍. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മാര്‍ഗരേഖയും ഇതിനായുള്ള പോര്‍ട്ടലും നിലവില്‍വരും. കേന്ദ്ര ഏജന്‍സിമുതല്‍ ഏറ്റവും താഴെയുള്ള ഏജന്‍സിയുടെവരെ അക്കൗണ്ടുകള്‍ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റവുമായി (പി.എഫ്.എം.എസ്.) നിര്‍ബന്ധമായും ബന്ധിപ്പിച്ചാണ് മാപ്പിങ് നടപ്പാക്കുക. എല്ലാ അക്കൗണ്ടുകളും പി.എഫ്.എം.എസില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തുകയും ഇതിലെ വിവരങ്ങള്‍ ബാങ്കുകളുടെ വെബ് പോര്‍ട്ടലുകള്‍വഴി തത്സമയം പുതുക്കുകയും വേണം.

ഏഴുവര്‍ഷത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ എംപി.ലാഡ് മാര്‍ഗരേഖയിലാണ് ഫണ്ടിന്റെ മാപ്പിങ് നിര്‍ബന്ധമാക്കുന്നത്. കേന്ദ്ര നോഡല്‍ ഏജന്‍സിയുടെ അക്കൗണ്ടില്‍നിന്ന് പദ്ധതി നടപ്പാക്കുന്നവര്‍ക്ക് (വെണ്ടര്‍) നേരിട്ടാണ് പണമെത്തുക. കേന്ദ്ര സ്ഥിതിവിവരമന്ത്രാലയത്തിലെ എംപി.ലാഡ് ഡിവിഷനുകീഴിലുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനെ കേന്ദ്ര നോഡല്‍ ഏജന്‍സിയായി നിയോഗിച്ചു. എംപി.ലാഡ് ഫണ്ട് കൈകാര്യംചെയ്യാനായിമാത്രം ഇവര്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കില്‍ കേന്ദ്ര നോഡല്‍ അക്കൗണ്ട് തുറക്കും.

അതേസമയം, ജില്ലാ നോഡല്‍ അഥോറിറ്റിക്ക് അധികമായി സബ്‌സിഡിയറി അക്കൗണ്ടുകള്‍ തുടങ്ങണമെങ്കില്‍ കേന്ദ്ര നോഡല്‍ ഏജന്‍സിയുടെ അനുമതിവാങ്ങണം. സംസ്ഥാന, ജില്ലാ നോഡല്‍ അധികൃതരുടെയും നടത്തിപ്പ് ഏജന്‍സിയുടെയും സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ പണം കൈമാറാനുള്ള വഴിയൊരുക്കാന്മാത്രമേ ഉപയോഗിക്കൂ. ഇവരുടെ നിലവിലുള്ള അക്കൗണ്ടുകളെല്ലാം ക്ലോസ് ചെയ്ത് ബാക്കിയുള്ള തുക കേന്ദ്ര നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റണം. ജില്ലാ നോഡല്‍ ഏജന്‍സികള്‍ക്ക് പണം പിന്‍വലിക്കാനുള്ള പരിധി കേന്ദ്ര നോഡല്‍ ഏജന്‍സി നിശ്ചയിക്കും.