അതിർത്തി വിഷയം; വീണ്ടും ചർച്ച നടത്തി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: അതിർത്തി വിഷയത്തിൽ വീണ്ടും ചർച്ച നടത്തി ഇന്ത്യയും ചൈനയും. ബീജിങിലാണ് അതിർത്തി വിഷയത്തിൽ ചൈനയും ഇന്ത്യയും ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. യഥാർത്ഥ നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ചർച്ച നടത്തിയെന്നാണ് വിവരം. ഇരുപത്തിയാറാം തവണയാണ് അതിർത്തി വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ചർച്ച നടക്കുന്നത്.

കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലയിലെ സൈനിക പിന്മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ചർച്ച നടന്നതെന്നാണ് പുറത്തു വരുന്ന വിവരം. അൻപതിനായിരത്തിൽ അധികം സൈനികരെയാണ് ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് ഓൺലൈനായും അതിർത്തി പിൻമാറ്റത്തെ കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു അവസാനമായി ചർച്ച നടന്നത്.

അതേസമയം, ചൈനയിലെ അതിർത്തി വിഷയത്തിൽ പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്.