ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ ഉത്തരവ് നടപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രം വീണ്ടും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കേന്ദ്രീയ വിദ്യാലായങ്ങൾ മാത്രമാണ് കേരളത്തിൽ ഈ നിർദ്ദേശം നടപ്പിലാക്കിയത്. സംസ്ഥാനത്ത് 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ വിദ്യാഭ്യാസ രീതി 5+3+3+4 എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. മൂന്നാമത്തെ വയസിൽ കെജി വിദ്യാഭ്യാസം. ആറ് വയസിൽ ഒന്നാം ക്ലാസ്. പിന്നീട് ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഒരു സമ്പ്രദായം എന്ന അടിസ്ഥാനത്തിലാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കിയിരിക്കുന്നത്. ഈ നയം നടപ്പിലാക്കുന്നതിന് ഒന്നാം ക്ലാസിലെ പ്രവേശനത്തിന് ആറ് വയസ് പൂർത്തിയായിരിക്കണം. എന്നാൽ കേരളത്തിൽ അഞ്ചാം വയസിൽ തന്നെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും. ഇത് നടപ്പിലാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ സർക്കാർ – എയ്ഡഡ് സ്‌കൂളുകളിലും സിബിഎസ്ഇ സ്‌കൂളുകളിലും മറ്റും അഞ്ച് വയസിൽ തന്നെ ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ട്. അടുത്ത അധ്യയന വർഷത്തിൽ പ്രവേശനം നടപടികൾ പല സ്‌കൂളുകളിലും ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകിയത്.