ന്യൂഡൽഹി: യുകെ ആസ്ഥാനമായുള്ള നെറ്റ്‌വർക്ക് ആക്സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വൺവെബ്) 36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ ഇന്ത്യ. ഇസ്രോയുടെ റോക്കറ്റ് എൽവിഎം 3 ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ട്വിറ്ററിലൂടെയാണ് വൺവെബ്ബ് ഇക്കാര്യം അറിയിച്ചത്.
അടുത്ത മാസമാണ് വിക്ഷേപണം നടക്കുക. ഒക്ടോബർ 23 ന് 36 ഉപഗ്രഹങ്ങളുടെ ആദ്യ ബാച്ച് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചിരുന്നു. ജിയോസിൻക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ MkIII (ജിഎസ്എൽവി MkIII) എന്നറിയപ്പെട്ടിരുന്ന എൽവിഎം3 റോക്കറ്റ് ഉപയോഗിച്ച് ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്‌ഐഎൽ) വൺവെബുമായി രണ്ട് ഘട്ടങ്ങളിലായി 72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് 1,000 കോടി രൂപയ്ക്ക് ഒപ്പിട്ടിരുന്നു. വൺവെബ് ചെയർമാൻ സുനിൽ ഭാരതി മിത്തലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഉപഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് നേരിട്ട് ഇന്റർനെറ്റ് സേവനം നൽകാനാണ് വൺവെബ് പദ്ധതിയിടുന്നത്.
വൺ വെബിൽ എയർടെല്ലിനും പങ്കാളിത്തമുണ്ട്. ഭൂമിയോട് ചേർന്നുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹ ശൃംഖല തീർത്ത് ലോകം മുഴുവൻ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് വൺവെബ്ബ് നടപ്പിലാക്കുക. പവർ കണക്റ്റിവിറ്റി വേണ്ടെന്നതും വേഗതയുമാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയ്ക്ക് വലിയ നേട്ടമാണ് വൺ വെബുമായുള്ള കരാർ.

