ശമ്പളവും പെന്‍ഷനും മുടങ്ങുമോ എന്ന ആശങ്ക; സംസ്ഥാനത്തെ ട്രഷറി നിയന്ത്രണം പ്രതിസന്ധിക്ക് തെളിവോ?

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും പോലും മുടങ്ങുമോ എന്ന സംശയം സജീവമാണ്. വിരമിക്കുന്ന ജീവനക്കാരുടെ പിഎഫ് വിതരണത്തെയും ട്രഷറി നിയന്ത്രണം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത മാസം വെറും 10,000 കോടി മാത്രമാണു സര്‍ക്കാരിനു വരുമാനമായി ലഭിക്കാന്‍ സാധ്യത. പദ്ധതി ചെലവുകള്‍ പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ ട്രഷറി നിയന്ത്രണം കൂടി വന്നതോടെ പദ്ധതി നടത്തിപ്പു കൂടുതല്‍ പ്രതിസന്ധിയിലാകാനാണ് സാധ്യത. എന്നാല്‍, നിയന്ത്രണം ഏര്‍പ്പെടുത്തിയാലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനു തടസ്സം സൃഷ്ടിക്കുന്ന പതിവില്ല.

അതേസമയം, പെന്‍ഷന്‍ ആകുന്നവരില്‍ ഭൂരിഭാഗത്തിന്റെയും പിഎഫ് തുക 25 ലക്ഷത്തിനു മുകളിലായിരിക്കും. മാര്‍ച്ചില്‍ അദ്ധ്യാപകരും മേയില്‍ ജീവനക്കാരും കൂട്ടത്തോടെ വിരമിക്കും. അതുകൊണ്ട് തന്നെ വിരമിക്കുന്നവര്‍ക്കും ആനുകൂല്യം കിട്ടാന്‍ തടസ്സങ്ങളുണ്ട്. എന്നാല്‍, പിഎഫ് ആനുകൂല്യം നല്‍കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് പറയുന്നത്. സോഫ്റ്റ്വെയറിലെ പ്രശ്നങ്ങള്‍ കാരണം തടസ്സം ഉണ്ടായിട്ടുണ്ടോയെന്ന് അറിയില്ലെന്നും വിശദീകരിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 26ന് ട്രഷറിയില്‍നിന്ന് അനുവദിക്കുന്ന തുക ഒരു കോടി രൂപയില്‍നിന്ന് 25 ലക്ഷം രൂപയാക്കി കുറച്ചിരുന്നു. ഇതാണ് ഇപ്പോള്‍ 25 ലക്ഷത്തിലേക്ക് ചുരുക്കുന്നത്.

ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്കു നീങ്ങാനുള്ള സാധ്യതയുണ്ട്. കടമെടുപ്പുപരിധി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ സാമ്പത്തികസ്ഥിതി മോശമാവും. ഈ സാമ്പത്തികവര്‍ഷം കടമെടുക്കാനുള്ള പരിധികുറച്ച് കഴിഞ്ഞമാസവും കേന്ദ്രം നോട്ടീസയച്ചിരുന്നു. കെ.എസ്.ഇ.ബി.യില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ വകയില്‍ 4060 കോടി രൂപ കേന്ദ്രം നല്‍കുമെന്നാണ് പ്രതീക്ഷ. ജി.എസ്.ടി. നഷ്ടപരിഹാരത്തിലെ അവസാന ഗഡുവായി 780 കോടി രൂപ ഉടന്‍ ലഭിക്കാനുണ്ട്. എന്നാല്‍, നിശ്ചിത കാലത്തേക്കാണ് നിയന്ത്രണമെന്ന് ധനവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും എത്രനാളത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.