പ്രാചീന ഗ്രന്ഥശേഖരം കണ്ടെത്തി

26 താളിയോലക്കെട്ടുകളിലായി 50-ഓളം ഗ്രന്ഥങ്ങള്‍ അടങ്ങിയ പ്രാചീന ഹസ്ത ലിഖിത ഗ്രന്ഥശേഖരം കണ്ടെത്തി. അടുത്ത കാലത്ത് കേരളത്തിലെ വ്യക്തിഗതശേഖരത്തില്‍ നിന്നും ലഭ്യമായ ഏറ്റവും വലിയ ഗ്രന്ഥസഞ്ചയം ആണ് ഇത്. നീറമണ്‍കര എന്‍ എസ് എസ് വനിതാ കോളേജിലെ സംസ്‌കൃതവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ആചാര്യ ജി. ആനന്ദരാജിന്റെ സുഹൃത്തായ നീറമണ്‍കര ഗായത്രി നഗറില്‍ ആര്‍. കൃഷ്ണമൂര്‍ത്തിയുടെ അയല്‍പക്കത്തു നിന്നാണ് ഗ്രന്ഥ ശേഖരം കണ്ടെടുത്തത്.

ഗോമതീദാസന്‍’ എന്നു പേരെടുത്ത ശ്രീ ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികളുടെ (1823-1887) ഏഴാം തലമുറയിലെ അംഗമായ ശ്രീമതി ഗീത രവിയുടെ വീടാണത്. തിരുവിതാംകൂര്‍ ആസ്ഥാനവിദ്വാനായിരുന്ന മഹാകവിയുടെ ഗ്രന്ഥശേഖരം എന്ന നിലയില്‍ ഇവയുടെ പ്രാധാന്യം ഇരട്ടിക്കുന്നു. സാഹിത്യം, സൗന്ദര്യശാസ്ത്രം, വേദാന്തം, ന്യായം, തന്ത്രം, ഗണിതം, വേദലക്ഷണം, മന്ത്രശാസ്ത്രം, ആചാരം, സ്‌തോത്രം തുടങ്ങി അറിവിന്റെ വിവിധ ശാഖകളിലുള്ള ഗ്രന്ഥങ്ങളാണ് ലഭ്യമായിട്ടുള്ളത്. അപൂര്‍വങ്ങളും തുടര്‍-ഗവേഷണത്തിനുതകുന്നവയും ഏറെയുണ്ട്. കാലപ്പഴക്കം കാര്യമായി ബാധിച്ചിട്ടില്ല.

പ്രസ്തുത ശേഖരം ഡോ. ആചാര്യ ജി. ആനന്ദരാജ് പ്രാഥമികമായി പരിശോധിച്ച് തരംതിരിച്ച് കാര്യവട്ടം മാനുസ്‌ക്രിപ്റ്റ് മിഷന്‍ സെന്ററില്‍ ഏല്പിച്ച് വൃത്തിയാക്കി. ഈ ശേഖരത്തിന്റെ വിശദമായ പഠനത്തിനും ഉപയോഗത്തിനുമായി കേരള സര്‍വകലാശാലയുടെ കീഴില്‍ കാര്യവട്ടത്ത് പ്രവര്‍ത്തിച്ചു വരുന്ന ഓറിയന്റല്‍ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിക്ക് കൈമാറും. വിഭാഗാധ്യക്ഷയായ ഡോ. ആര്‍.ബി. ശ്രീകലയുടെ മേല്‍നോട്ടത്തില്‍ അതിനു വേണ്ട നടപടികള്‍ പുരോഗമിക്കുന്നുണ്ട്.