ന്യൂഡൽഹി: കശ്മീർ താഴ്‌വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നിയന്ത്രണ രേഖയിൽ മാത്രമായി സൈനിക വിന്യാസം ചുരുക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കുന്നതിന് മുന്നോടിയായാണ് മേഖലയിൽ കേന്ദ്ര സർക്കാർ വലിയ രീതിയിലുള്ള സൈനിക വിന്യാസം നടത്തിയത്.
സൈന്യത്തെ ഉൾപ്രദേശങ്ങളിൽ നിന്ന് പിൻവലിക്കാനുള്ള നിർദ്ദേശം രണ്ട് വർഷമായി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളും, സൈന്യവും, ജമ്മുകശ്മീർ പോലീസും വിഷയത്തിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. നിലവിൽ ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആണെന്നും രാഷ്ട്രീയ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നുമാണ് സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിയന്ത്രണ രേഖയിൽ ഉൾപ്പെടെ 1.3 ലക്ഷം കരസേന അംഗങ്ങളെയും, 45000 ത്തോളം രാഷ്ട്രീയ റൈഫിൾസ് സൈനികരെയുമാണ് സുരക്ഷ ചുമതലക്കായി കശ്മീരിൽ വിന്യസിച്ചിട്ടുള്ളത്. 60000 ത്തോളം സിആർപിഎഫ് ജവാൻമാരെയും സുരക്ഷയ്ക്കായി കശ്മീരിൽ വിന്യസിച്ചിട്ടുണ്ട്.

