മുഖ്യമന്ത്രിക്ക് വേണ്ടി പോലീസുകാർ കാട്ടിക്കൂട്ടുന്നത് അപ്രഖ്യാപിത അടിയന്താരാവസ്ഥയ്ക്ക് തുല്യമായ നടപടികൾ; നിയമ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിക്ക് പൊതുപരിപാടികൾ ഉണ്ടെങ്കിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ പ്രവർത്തകരെയും നേതാക്കളെയും അനധികൃതമായി കരുതൽ തടങ്കലിലെടുക്കുന്നതിനെതിരെ കോൺഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് വേണ്ടി പോലീസുകാർ കാട്ടിക്കൂട്ടുന്നത് അപ്രഖ്യാപിത അടിയന്താരാവസ്ഥയ്ക്ക് തുല്യമായ നടപടികളാണ്. പൊതുജനത്തെ വഴിയിൽ തടഞ്ഞും രാഷ്ട്രീയ എതിരാളികളെ ജയിലടച്ചും മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാർഹമാണ്. സംസ്ഥാന ഭരണകൂടം സഞ്ചാരസ്വാതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രധാരണവും ഉൾപ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേൽ കടന്നുകയറുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കരുതൽ തടങ്കലിലെടുക്കുന്നതിന് രാജ്യത്ത് ചില നിയമവ്യവസ്ഥകൾ നിലനിൽക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സങ്കുചിത താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആരെയെങ്കിലും തുറുങ്കിലടയ്ക്കാൻ നിയമത്തിൽ പറയുന്നില്ല. മുഖ്യമന്ത്രിക്ക് വേണ്ടി പോലീസ് 151 സിആർപിസി വകുപ്പ് ദുരുപയോഗം ചെയ്യുകയാണ്. കേരള സമൂഹത്തിന് മുഴുവൻ ഭീഷണിയായി ജനത്തെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരമാണ് കേരളത്തിൽ നിരോധിക്കേണ്ടതെന്നും ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധം ഒരു കുറ്റകൃത്യമല്ലെന്നും അദ്ദേഹം അറിയിച്ചു.