ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ ആവശ്യപ്പെടരുതെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍. സാധനങ്ങള്‍ വാങ്ങി ബില്ലടയ്ക്കാനെത്തുമ്പോള്‍ പതിവുപോലെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നമ്പര്‍ നല്‍കണമെന്ന് നിര്‍ബന്ധവുമില്ല. മൊബൈല്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ കൗണ്ടറിലുള്ളവര്‍ തന്നെ ഒരു നമ്പര്‍ നല്‍കും.
അതേസമയം, ഒരു മൊബൈല്‍ നമ്പറും ബില്ലിങ് വിവരങ്ങളും ഉണ്ടെങ്കില്‍ ഒരു വ്യക്തിയുടെ ഉപഭോഗ ശീലങ്ങളും രീതികളും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ന്യായമായ കാരണം വ്യക്തമാക്കിയില്ലെങ്കില്‍ കടകളില്‍ സാധനം വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ ബില്‍ നിയമമാകുന്നതോടെ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ഡല്‍ഹി വിമാനത്താവളത്തിനുള്ളിലെ കടയില്‍നിന്നു ച്യൂയിങ് ഗം വാങ്ങിയപ്പോള്‍ കടക്കാരന്‍ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടതു സംബന്ധിച്ചു പൊതുജനാരോഗ്യ ആക്ടിവിസ്റ്റ് ദിനേശ് എസ്. ഠാക്കൂര്‍ ട്വീറ്റ് ചെയ്തതിനായിരുന്നു മന്ത്രിയുടെ മറുപടി.

