തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11% ആയെന്ന് അദ്ദേഹം പറഞ്ഞു. വരുമാന നഷ്ടം നികത്താൻ നഷ്ടപരിഹാര പാക്കേജ് കൂടുതൽ വർഷത്തേക്ക് നീട്ടണമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളം ആവശ്യപ്പെടുമെന്ന് ധനമന്ത്രി അറിയിച്ചു.
രാഷ്ട്രീയമുണ്ടെങ്കിലും കേരളത്തിനോട് താല്പര്യമുള്ള എം.പിമാർ പാർലമെന്റിൽ സംസ്ഥാനത്തിന്റെ പൊതു താല്പര്യം ഉയർത്തി പിടിക്കാൻ ശ്രമിക്കണം. കേരളത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ മാധ്യമങ്ങളും ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ അവകാശത്തിൽ പെട്ടതാണ് ഇന്ധനം. അതിനുമുകളിൽ നികുതി ചുമത്താൻ കേന്ദ്രസർക്കാരിന് അവകാശമില്ല. എന്നാൽ, പെട്രോൾ, ഡീസൽ എന്നിവയിൽ കേന്ദ്രസർക്കാർ സെസ് ചുമത്തുകയാണ്. ഇത് നിർത്തണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ എൻ ബാലഗോപാൽ വിശദമാക്കി.

