തിരുവനന്തപുരം: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് സംസ്ഥാന സർക്കാരിന് മേലെ കരിനിഴൽ വീഴ്ത്താൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ലൈഫ് മിഷൻ കോഴ കേസ് കുറേക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈഫ് പദ്ധതി സ്തംഭിപ്പിക്കാൻ ശ്രമിച്ചവരാണ് ഇതിന് പിന്നിൽ. ലൈഫ് പദ്ധതി നിർത്തലാക്കാൻ കഴിയാത്തതിലുള്ള നിരാശയുണ്ടവർക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരാതി പരിഹാരത്തിനുള്ള സ്ഥിരം സംവിധാനം ആലോചിക്കുന്നുണ്ട്. സേവനങ്ങൾ പൂർണമായി ഓൺലൈനാക്കാനുള്ള ശ്രമം തുടരുന്നു. അഴിമതി തടയാനുള്ള ശക്തമായ നടപടി സ്വീകരിക്കും. അഴിമതിക്കുള്ള സാധ്യത തന്നെ തദ്ദേശ സ്ഥാപനങ്ങളിൽ ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ത്രിതല പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകളിൽ കൊല്ലം ഒന്നാംസ്ഥാനവും കണ്ണൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാമ പഞ്ചായത്തുകളിൽ മുളന്തുരുത്തിയാണ് ട്രോഫി നേടിയത്.
ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുമ്പടപ്പും മുനിസിപ്പാലിറ്റികളിൽ തിരൂരങ്ങാടിയും കോർപറേഷനുകളിൽ തിരുവനന്തപുരവും മുന്നിലെത്തി. മഹാത്മാ പുരസ്കാരം നേടിയത് കള്ളിക്കാട് പഞ്ചായത്താണ്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും മഹാത്മാ പുരസ്കാരത്തിന് അർഹമായി.

