എം ശിവശങ്കറിന്റെ അറസ്റ്റ്; ഒന്നാം പിണറായി സർക്കാരിലെ മൂടിവയ്ക്കപ്പെട്ട അഴിമതികൾ ഒന്നൊന്നായി പുറത്ത് വരികയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതോടെ ഒന്നാം പിണറായി സർക്കാരിലെ മൂടിവയ്ക്കപ്പെട്ട അഴിമതികൾ ഒന്നൊന്നായി പുറത്ത് വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സത്യം ഒരിക്കലും മൂടി വയ്ക്കാൻ കഴിയില്ലെന്നും ചോദ്യങ്ങൾ ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷവും ജനങ്ങളും ഉയർത്തുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ അധികാരങ്ങളും കൈകാളിയിരുന്ന ശിവശങ്കറിനെ വീണ്ടും അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഇവരുടെ ലോക്കറിൽ നിന്ന് കിട്ടിയ പണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. ബാക്കി കേസുകൾ സി.ബി.ഐ. അന്വേഷിക്കുകയാണെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ അധികാരങ്ങളോടെയും പ്രവർത്തിച്ചിരുന്നയാൾ ആദ്യം സ്വർണ കള്ളക്കടത്തുകേസിൽ 100 ദിവസം ജയിലിൽ കിടന്നു. ഇപ്പോൾ ലൈഫ് മിഷൻ കേസിലും അറസ്റ്റിലായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ അഴിമതികൾ മുഴുവൻ നടന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കിൽ സംസ്ഥാന സർക്കാർ എന്തിനാണ് സി.ബി.ഐ. അന്വേഷണത്തെ എതിർക്കുന്നത്. സി.ബി.ഐ. അന്വേഷണത്തിനെതിരേ കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പനും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരും സന്തോഷ് ഈപ്പന്റെയൊപ്പം സി.ബി.ഐ. അന്വേഷണത്തിനെതിരായി പ്രവർത്തിക്കുകയാണ്. ഇത് വിരോധാഭാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.