വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി പി. നെടുമാരന്‍

ചെന്നൈ: ലിബറേഷന്‍ ടൈഗേഴ്സ് ഒഫ് തമിഴ് ഈഴത്തിന്റെ (എല്‍ ടി ടി ഇ) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി വേള്‍ഡ് ഫെഡറേഷന്‍ ഒഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി നെടുമാരന്‍. ശ്രീലങ്കയില്‍ രാജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും നെടുമാരന്‍ വ്യക്തമാക്കി.

‘പ്രഭാകരന്‍ ആരോഗ്യവാനാണ്. അദ്ദേഹത്തിന്റെ അറിവോടെയാണ് ജീവിച്ചിരിപ്പുണ്ടെന്ന വിവരം പുറത്തുവിടുന്നത്. എന്റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹം നിലവില്‍ എവിടെയാണെന്ന് പറയാനാകില്ല. പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്. തമിഴ് ഈഴം സംബന്ധിച്ച പദ്ധതി തക്കസമയത്ത് പ്രഭാകരന്‍ വിശദമാക്കും’- അദ്ദേഹം പറഞ്ഞു.

അതേസമയം, 2009 മേയ് 18നാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന അറിയിച്ചത്. മേയ് 19ന് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ലങ്കന്‍ സേന പുറത്തുവിടുകയും ചെയ്തിരുന്നു.